Thursday, October 22, 2009

ലവ്‌ലി(ഇന്‍)കാനഡ

സി.പി.എമ്മി നിത് ആകെക്കൂടി കഷ്ടകാലമാണ്.'കഷ്ടകാലം വരുമ്പോള്‍ കൂട്ടത്തോടെ' എന്നാണല്ലോ പ്രമാണം.പറഞ്ഞത് അച്ചട്ടായതു പോലെ 'അടിയോടടിയും പൊടിയരിക്കഞ്ഞിയും' എന്നായിരിയ്ക്കുന്നു പാര്‍ട്ടിയിലെ സ്ഥിതി.സി.പി.എം എന്നത് പണ്ട് മുതലേ ഒരു തറവാട് പോലെയും പാര്‍ട്ടി സെക്രട്ടറി ആ തറവാട്ടിലെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്ന ഒരു കുടുംബിനിയെപ്പോലെയും ആണ്.(അതെന്താ, ആണുങ്ങളാരുമില്ലേ ഈ വീട്ടില്‍? എന്ന് ചോദിയ്ക്കരുത്.ആരെങ്കിലും ആണു ചമഞ്ഞു നെഞ്ച് വിരിച്ചാല്‍ തന്നെ പിടിച്ച് പുറത്താക്കി പടിയടച്ചു പിണ്ഡം വെച്ച്, മുറ്റത്ത്‌ ചാണകവെള്ളം തളിച്ചു ശുദ്ധം വരുത്തുകയാണ് പതിവ്.അപ്പുക്കുട്ടന്‍ വള്ളിക്കുന്നും, എം.പി. പരമേശ്വരനുമെല്ലാം ഇങ്ങനെയാണ് പുറത്തായത്.) പിന്നെ തറവാടായാല്‍ പേരിനൊരാള്‍ ആണും തൂണുമായി ഉമ്മറത്ത്‌ ചാരുകസേരയില്‍ എണ്ണം കൊടുക്കാനെങ്കിലും വേണ്ടേ? അതിനായി( അതിനു മാത്രം) നമ്മുടെ അച്ചുമ്മാമന്‍ മിണ്ടാട്ടമില്ലാതെ അട്ടവും നോക്കിക്കിടപ്പുണ്ട്.

സുകൃതക്ഷയം എന്നല്ലാതെ എന്തു പറയാന്‍? ആനയും അമ്പാരിയുമായി കഴിഞ്ഞിരുന്നവരാണ്.എങ്ങാനും പഞ്ഞകാലം വന്നാല്‍ തന്നെ ബംഗാളിലേയ്ക്ക് നോക്കി സായൂജ്യമടയുകയായിരുന്നു പതിവ്.(അങ്ങേതിലെ വീട്ടുകാര്‍ ഓണം ആഘോഷിയ്ക്കുന്നതും നോക്കി ഒട്ടിയ വയറോടെ ഇരിയ്ക്കുന്ന കുട്ടികളെപ്പോലെ...) ഇപ്പോള്‍ അതിനും വയ്യെന്നായിരിയ്ക്കുന്നു.നന്ദിഗ്രാമില്‍ നിന്നും, സിംഗൂരില്‍ നിന്നും നാട്ടുകാര്‍ ഓടിച്ചുവിട്ടപ്പോള്‍ 'ഓടിയ വഴിയില്‍ പുല്ലു മുളയ്ക്കില്ല' എന്ന മട്ടിലാണ് വിപ്ലവകാരികള്‍ തടി കഴിച്ചിലാക്കിയത്.(ഇവിടെയും ആ അവസ്ഥ വരുന്നത് എപ്പോഴാണാവോ?)

പത്തുപന്ത്രണ്ടു കൊല്ലം മുമ്പ്‌ നായനാരങ്ങുന്നും പരിവാരങ്ങളും കൂടി കാനഡ ദേശത്ത് ഒരു ഹണിമൂണിന് പോയപ്പോഴാണ് എല്ലാറ്റിന്‍റെയും തുടക്കം. സായിപ്പുമായി 'ചുറ്റിക്കളി' കഴിഞ്ഞു വന്നപ്പോള്‍ പച്ചമാങ്ങയല്ല കാശുപോലും പുളിയ്ക്കില്ല എന്ന അവസ്ഥയായി.സംഗതി ഒരല്‍പ കാലമൊക്കെ മൂടിവെച്ചു നോക്കിയെങ്കിലും വീര്‍ത്തു.സി.ഐ.ടി.യുവിന്‍റെ ബാലാനന്ദന്‍ മാമനെ പോലെയുള്ളവര്‍ ചുമട് കണ്ട് ഇറക്കാന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇത് സായിപ്പിന്‍റെതാണെന്ന് മനസ്സിലായത്‌. ബാലന്‍മാമന്‍ ഭെല്ലിന്‍റെ(BHEL) കയ്യും കാലും പിടിച്ച് ഉത്തരവാദിത്തമേല്‍ക്കണമെന്ന് കരഞ്ഞപേക്ഷിച്ചപ്പോള്‍ ചെറിയ തുകയ്ക്കായാലും ഏല്‍ക്കാമെന്ന് അവരും പൂങ്കണ്ണീര് കണ്ട് സമ്മതിച്ചതാണ്.എന്നാല്‍ അഭിമാനിയായ നമ്മളുണ്ടോ വിടുന്നു? വിതച്ചത് സായിപ്പാണേല്‍ കൊയ്ത്തും സായിപ്പിന്‍റെ മതി എന്നായി.കേട്ട പാതി കേള്‍ക്കാത്ത പാതി 'സ്മാര്‍ത്തവിചാരം' ചെയ്യാന്‍ കാരണവന്‍മാര്‍ ചാടിയിറങ്ങി. പിഴച്ചവളെ തല്ലിക്കൊന്ന് തോല്‍ ഊറയ്ക്കിടണമെന്ന് 'ഗവായി മൂപ്പിലാന്‍'. ഗവായി മൂപ്പിലാനെതിരെ കേസും പുക്കാറുമായി നമ്മള്‍ ഡെല്‍ഹിയിലെ കച്ചേരിയില്‍ വരെ പോയി.(ഫലമുണ്ടാവുമോ ആവോ? "കാരണവര്‍ക്ക്‌ അടുപ്പിലും തൂറാം" എന്ന് മദ്ധ്യപ്രദേശത്തുള്ള ഒരു തറവാടിന്‍റെ ഭാഗം നടക്കവേ കച്ചേരി പറഞ്ഞതാണ്.)

അതിനിടെ നാട്ടുകൂട്ടം ഒന്നാംവട്ടം കൂടി നമ്മളെ വിസ്തരിയ്ക്കാന്‍ വിളിയ്ക്കുകയുണ്ടായി. നീരിറക്കത്തിന്‍റെ അസ്കിതയുള്ള കാരണം അന്ന് മൂടിപ്പുതച്ചു കിടപ്പിലായിരുന്നു.അതിനും ജനതാദള്‍ തറവാട്ടിലെ വീരന്‍ കാരണവരെപ്പോലെ ചിലര്‍ നമ്മള്‍ ദീനം നടിയ്ക്കുകയാണ് എന്ന് പറഞ്ഞു പരത്തി. കഷ്ടകാലത്ത്‌ ശത്രുക്കള്‍ക്ക് ഇന്നതേ പറഞ്ഞു കൂടൂ എന്നില്ല.അച്ചുമ്മാമന്‍റെ കയ്യും പിടിച്ച് കഴിഞ്ഞ തവണ ഈ തറവാട്ടില്‍ വന്ന സമയം;എന്തൊരു രസമായിരുന്നു അന്നൊക്കെ? ചുറ്റിനും പരിവാരങ്ങള്‍, പൂമുഖത്തിരുന്ന് വായില്‍ തോന്നിയവരെയൊക്കെ പുലഭ്യം പറഞ്ഞിരുന്ന സാദാകുരന്‍ മാമന്‍, ഒരു വിദ്യ പോലും അഭ്യസിയ്ക്കാതെ കുട്ടികളുമായി കാള കളിച്ചു നടക്കുന്ന രണ്ടാം മുണ്ടശ്ശേരി അമ്മാവന്‍, അടുക്കളയില്‍ അഹോരാത്രം (സ്വന്തം) കുടുംബക്ഷേമത്തിനായി കഷ്ടപ്പെട്ടിരുന്ന ശ്രീമതി അമ്മായി, തൊടിയിലൂടെ നെട്ടോട്ടമോടി സ്വന്തം മകന്‍റെയൊപ്പം കള്ളനും പോലീസും കളിച്ചിരുന്ന കോടിയേരി മൂപ്പീന്ന്...എല്ലാം ഇന്നലെ എന്ന പോലെ മനസ്സിലുണ്ട്. ഇനി അതൊക്കെപ്പറഞ്ഞിട്ടെന്താ കാര്യം? വന്നത് വന്നു.

കാരണവന്മാരെല്ലാം ഒത്തു കൂടി കുലങ്കുഷമായ ചര്‍ച്ചയിലാണ്.എങ്ങാനും പുറത്താക്കിയാല്‍ നമ്മള്‍ പണ്ട് താത്രിക്കുട്ടി ചെയ്ത പോലെ നമ്മുടെ വഴിയ്ക്കങ്ങോട്ടു പോകും. ഇല്ലെങ്കില്‍ നമ്മള്‍ പാര്‍ട്ടിയേയും കൊണ്ട് പോകും. അത്ര പെട്ടെന്നൊന്നും പുറത്താക്കാന്‍ കാരണവന്‍മാര്‍ക്കാവില്ലെന്നു നമ്മള്‍ക്കു തന്നെ നന്നായിട്ടറിയാം.കാരണം കൂടെക്കിടന്നതാരോക്കെയാണെന്ന് കാരണവന്‍മാര്‍ക്ക് ഓര്‍മയില്ലെങ്കിലും നമുക്കൊര്‍മയുണ്ട്.

(കലാശക്കൊട്ട്:- കെ.സുധാകരന്‍ എം.പി തഹസില്‍ദാരെ ഭീഷണിപ്പെടുത്തിയെന്ന് സി.പി.ഐ.എം.
"ആരെയും(ഗവര്‍ണ്ണറെ വരെ) ഭീഷണിപ്പെടുത്താനും.കയ്യേറ്റം ചെയ്യാനും ഉള്ള അധികാരം സി.പി.എമ്മിനു മാത്രം ഉണ്ടായിരിയ്ക്കുന്നതാണ്.")

Thursday, October 15, 2009

ചില തരൂരിയന്‍ പരദൂഷണങ്ങള്‍

പരദൂഷണം പറയുന്ന ശീലം പണ്ടേ എനിയ്ക്കില്ല.(കേട്ടിരിയ്ക്കുകയാണ് പതിവ്).എങ്കിലും ചിലരുടെ കാട്ടായങ്ങള്‍ കാണുമ്പോള്‍ നാക്ക് ചൊറിഞ്ഞു കേറി ആരും ചിലത് പറഞ്ഞു പോകും.ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്.(അങ്ങനെയും ഒരു അപവാദമുണ്ട്).എങ്കിലും സ്വന്തം മണ്ഡലത്തില്‍ മത്സരിയ്ക്കുന്ന സ്ഥാനാര്‍ത്ഥികളെ ജനങ്ങള്‍ക്കും, സ്വന്തം മണ്ഡലമേതെന്നു ജനപ്രതിനിധികള്‍ക്കും ഓര്‍മ്മയില്ലാത്ത കാലം.അങ്ങനെയിരിയ്ക്കെ ദാ വരുന്നൂ (ഈ വാഹനത്തിനു തൊട്ടു പിറകെ) ഐക്യരാഷ്ട്രസഭയില്‍ നിന്നും 'തിര്വോന്തര'ത്തേയ്ക്ക് നമ്മുടെ പ്രിയങ്കരനായ സാരഥി 'ശശിയണ്ണന്‍'. കലികാലമാണ്. ജനപ്രതിനിധികള്‍ക്ക് കഴുത്തിന്‌ മുകളില്‍ തലയുണ്ടായിരിയ്ക്കുന്നത് തന്നെ അധികമാണെന്നും അത് അലങ്കാരത്തിനു മാത്രമാണെന്നുമാണ് വയ്പ്.ഇങ്ങനെയുള്ളപ്പോളാണ് "ഒന്നിന് പോയി രണ്ടും കഴിഞ്ഞു വെള്ളം തൊടാതെ വന്നിരിയ്ക്കുന്നിവന്‍" എന്ന് ചാക്യാര്‍ ഹനുമാനെക്കുറിച്ചു പറഞ്ഞ പോലെ ഐക്യരാഷ്ട്രസഭയെയും അമേരിക്കയെയും പിടിച്ചു കുലുക്കി ടിയാന്‍ ഇന്ത്യയിലെത്തുന്നത്. ആള്‍ വീരശൂര പരാക്രമി, വിദ്യാസമ്പന്നന്‍, വിചക്ഷണന്‍ എന്ന് വേണ്ട ഇന്ത്യന്‍ ജനപ്രതിനിധികള്‍ക്കില്ലാത്ത എല്ലാ ദുര്‍ഗുണങ്ങളുമുണ്ട്‌. 'തിര്വോന്തരം' സ്വന്തം തട്ടകമാക്കാന്‍ ശശിയണ്ണന്‍ ഉറച്ചപ്പോള്‍ തന്നെ ജയവും ഉറപ്പായിരുന്നു. നമ്മുടെ മണ്ഡലത്തില്‍ ഇത്രയും യോഗ്യനായ ഒരാള്‍ ഇല്ലല്ലോ എന്ന് ദുഖിച്ചവരില്‍, സ്വതന്ത്രനെ വോട്ടു ചെയ്തുതോല്പ്പിയ്ക്കുന്ന പതിവ് ചടങ്ങ് നിര്‍വ്വഹിച്ച ഈയുള്ളവനും ഉള്‍പെടും. അങ്ങനെ ലക്ഷത്തിനൊന്ന് കുറവ് ഭൂരിപക്ഷത്തോടെ അണ്ണന്‍ പൊളപ്പനായി ജയിച്ചു ഡല്‍ഹിയിലേയ്ക്ക് വണ്ടി കയറി. വ്യക്തിപ്രഭാവം കണ്ടറിഞ്ഞ് മദാമ്മയും കൂട്ടരും പിടിച്ച് സഹമന്ത്രിയുമാക്കി.ഇനിയാണ് കളി.

സാങ്കേതികവിദ്യ ലോകത്തെ കീഴടക്കി വകവരുത്തുന്ന കാലമാണിത്. പണ്ട് സ്വന്തം പ്രതിഭ തെളിയിയ്ക്കാന്‍ സ്കൂള്‍ മൂത്രപ്പുരയുടെ ചുവരില്‍ 'സാഹിത്യം' എഴുതിവെച്ച സുഹൃത്തുക്കളെ ഓര്‍മയില്ലേ? എന്നാലിന്ന് നിങ്ങള്‍ക്ക് എഴുതിത്തെളിയാന്‍ ട്വിറ്റര്‍, ഫെയ്സ്ബുക്ക്‌ ഇത്യാദി സങ്കേതങ്ങള്‍ അവതരിച്ചിരിയ്ക്കുന്നു.(ഫെയ്സ്ബുക്കിലെ ഒരു പ്രധാനഇനം തന്നെ ചുവരെഴുത്താണ് -writing on the wall). ശശിയണ്ണന്‍ ആള്‍ കാണുന്ന പോലെയല്ലെന്നും പെരുത്ത തമാശക്കാരനാണെന്നും എന്നാല്‍ ഈ തമാശകള്‍ ട്വിറ്ററില്‍ മാത്രമേ വിളമ്പാറുള്ളൂ എന്നുമറിഞ്ഞ് അണ്ണനെ ട്വിറ്ററില്‍ അനുഗമിച്ചവരില്‍ ഈയുള്ളവനും പെടും.

ലോകമാകെ സാമ്പത്തികമാന്ദ്യം കൊണ്ട് ഞെളിപിരി കൊള്ളുമ്പോള്‍ നമ്മുടെ മദാമ്മയ്ക്കും ബോധോദയമുണ്ടായി. മുണ്ട് മുറുക്കിയുടുത്ത് ജീവിയ്ക്കണമെന്ന് അവര്‍ സ്വന്തം മന്ത്രിമാരെ ഉപദേശിച്ചു.കോണ്‍ഗ്രസ്സുകാര്‍ അങ്ങനെയാണ്.നാടോടുമ്പോള്‍ നടുവേ ഓടുന്ന സാധുക്കള്‍.(1975ല്‍ മാത്രമാണ് ഇങ്ങനെ ഓടാനാകാതെ അവര്‍ അന്തിച്ചു നിന്നത്.അതിനു പകരം ജനങ്ങള്‍ പിന്നീടവരെ നന്നായി ഓടിയ്ക്കുകയുമുണ്ടായി).പഞാരയിട്ട കാപ്പി കുടിയ്ക്കരുത്,അഴിയിട്ട കട്ടിലിലേ കിടക്കാവൂ, മുട്ടയുടെ മഞ്ഞക്കരു തിന്നരുത് എന്നിങ്ങനെയുള്ള ചെലവ് ചുരുക്കല്‍ ഉപദേശങ്ങള്‍ കേട്ട് അരിശം മൂത്തപ്പോഴാണ് അണ്ണന്‍ ട്വിറ്ററില്‍ ആദ്യത്തെ തമാശ പൊട്ടിച്ചത്.വിമാനത്തില്‍ കന്നുകാലികളോടൊപ്പം യാത്ര ചെയ്യുന്നതിനെക്കുറിച്ചായിരുന്നു അത്. എന്നാല്‍ വിറളി പിടിച്ച കന്നുകാളികളെല്ലാം കൂടി അണ്ണനെ കുത്താനോടിയ്ക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. അണ്ണന്‍റെ രാഷ്ട്രീയ ഇമേജില്‍ അവര്‍ ചാണകമിട്ടു നാറ്റിയ്ക്കുകയും ചെയ്തു. പക്ഷെ അണ്ണന്‍ കുലുങ്ങിയില്ല. പിന്നീടങ്ങോട്ട് തമാശകളുടെ ഒരു കൂട്ടപ്പൊരിച്ചില്‍ ആയിരുന്നു.ചിരിച്ചു ചിരിച്ച് ജനം മണ്ണ് കപ്പി. കപ്പിയ മണ്ണ് തുപ്പി അവര്‍ വീണ്ടും ചിരിച്ചു. ഇടയ്ക്ക് ഗാന്ധിജയന്തി ദിനം അവധിയാക്കുന്നതിനെപ്പറ്റി 'സെന്ടി' അടിച്ചു നോക്കിയെങ്കിലും അണ്ണന്‍റെ സ്ഥിരം കോമഡി നമ്പരുകള്‍ മാത്രം പ്രതീക്ഷിച്ചിരുന്ന ജനത്തിന്‍റെ അടുത്ത് അത് ഏശിയില്ല. അണ്ണനെ ട്വിറ്ററില്‍ അനുഗമിയ്ക്കുന്നവരുടെ എണ്ണം 3 ലക്ഷം കവിഞ്ഞു എന്നത് നാട്ടില്‍ തമാശക്കാരേറെയുന്ടെന്നു വ്യക്തമാക്കുന്നു.(ഇന്ത്യന്‍ ജനാധിപത്യം ഒരു തമാശയായിട്ടും നമ്മള്‍ വോട്ടു ചെയ്യുന്നത് അതുകൊണ്ടല്ലേ? ).

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആകവേ നമ്മുടെ മദാമ്മയും കൂട്ടരുമാണ് വെട്ടിലായത്."നല്ലതാ നല്ലതാ എന്നു പറഞ്ഞിട്ടിപ്പോ കോഴി ചന്ദനം പോലെയാ തൂറണത്"(കോഴിയ്ക്കുണ്ടാവുന്ന ഒരു രോഗം) എന്ന് നാടന്‍മാര്‍ പറഞ്ഞതു പോലെയായി കാര്യങ്ങള്‍. ഞാന്‍ സംസാരിച്ചു തുടങ്ങിയസ്ഥിതിയ്ക്ക് ഇത്രയൊക്കെ പറഞ്ഞുവെന്ന് മാത്രം. ഇത് നമ്മളല്ലാതെ വേറാരും അറിയുകയും വേണ്ട. എന്തിനാ വെറുതെ പരദൂഷണം പറയുന്നത്?

(കലാശക്കൊട്ട് :- ട്വിറ്ററില്‍ കേട്ടത്, മന്ത്രിപ്പണി അറുബോറെന്ന് ശശിതരൂര്‍. തരൂര്‍ ആ പണി ചെയ്തു തുടങ്ങിയ ശേഷം നമുക്കും അത് തന്നെ തോന്നിത്തുടങ്ങിയിരിയ്ക്കുന്നു.)

Tuesday, October 13, 2009

സ്വീഡിഷ്‌ ചാക്യാര്‍മാരുടെ 'ഒബാമ വധം'

വാസ്തവത്തില്‍ ഒബാമ തന്നെയാണ് താരം സുഹൃത്തുക്കളെ.സമാധാനത്തിനുള്ള നൊബേല്‍ വാങ്ങിക്കൊണ്ട്‌ അത് അദ്ദേഹം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.എന്നാല്‍ 'പൊട്ടന് ലാട്ടറി അടിച്ചു' എന്ന് പറഞ്ഞ പോലെയായി ഈ നൊബേല്‍ എന്ന് കരുതുന്നവരും കുറവല്ല.സമാധാനത്തിനുള്ള നൊബേല്‍ ഒബാമയ്ക്ക് എന്ന് കേട്ട് സമാധാനം നഷ്ട്ടപ്പെട്ടു സ്വീഡിഷ് അക്കാദമിയ്ക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചവരോട് സമാധാനം പറയാനാകാതെ കുഴങ്ങിയ അക്കാദമി ഒടുവില്‍,ഒബാമയല്ലെന്കില്‍ പിന്നാര്? എന്ന് ചോദിച്ചു തടിതപ്പിയതാണ്‌ കഥ. നമ്മുടെ കോടിയേരി അവര്‍കളെയോ,ജയരാജന്‍ അവര്‍കളെയോ പറ്റി സ്വീഡിഷ് അക്കാദമിയ്ക്ക് കേട്ടുകേള്‍വിയില്ലാത്തത് എന്തുകൊണ്ട്? വിവരമുള്ളവര്‍ ദേശാഭിമാനിപ്പത്രം വായിയ്ക്കുന്നത് നിര്‍ത്തിയത് ചിലപ്പോള്‍ ഇതിനു കാരണമാകാം.അല്ലെങ്കില്‍ ഒരു പക്ഷെ പിണറായിത്തമ്പുരാന്‍ പറയും പോലെ ഇതിനു പിന്നിലും മാധ്യമ സിന്‍ഡിക്കേറ്റ് ആയിരിയ്ക്കാം.

എന്തൊക്കെപ്പറഞ്ഞാലും ഒബാമയ്ക്ക് ശുക്രനുദിച്ചിരിയ്ക്കുകയാണ്.ഭൂപരിഷ്ക്കരണം വന്നപ്പോള്‍ അടിയാളന്‍ തമ്പ്രാനെ മലര്‍ത്തിയടിച്ചപോലെയാണ് ഒബാമ ബുഷിനെ തകര്‍ത്തത്‌.ഗ്വാണ്ടനാമോ തടവറകള്‍ പൂട്ടും(കുറ്റവാളികളെ അകത്തിട്ടതിനു ശേഷം),സമാധാനത്തിനു വേണ്ടി യുദ്ധം ചെയ്യും(സ്വന്തം വീട്ടില്‍) എന്നിങ്ങനെയുള്ള നെടുനെടുങ്കന്‍ ഭീഷണികള്‍ കേട്ടു ഫ്ലാറ്റ് ആയ ജനങ്ങള്‍ ബുഷിനെ ചെരിപ്പെറിഞ്ഞു നാട് കടത്തി.( ഇന്ത്യയില്‍ ഉള്ളതു പോലെ അമേരിക്കയിലും 'പൊതുജനം' എന്നാ വാക്കിന്‍റെ പര്യായം 'കഴുത' എന്ന് തന്നെയാണ്.)

കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിയ്ക്ക്‌ നോബെലിനു മാത്രമല്ല ഓസ്‌കാറിനും ഒബാമയെ പരിഗണിയ്ക്കണമെന്നാണ് ഈയുള്ളവന്‍റെ പക്ഷം.ലാവ്‌ലിന്‍ കേസിനെക്കുറിച്ച് കേട്ടില്ലെന്നഭിനയിയ്ക്കുന്ന നമ്മുടെ സഖാക്കള്‍ വന്‍മത്സരം സൃഷ്ടിക്കുമെങ്കിലും, മാധ്യമ സിന്‍ഡിക്കേറ്റിനെ വച്ച് ആ അവാര്‍ഡും ടിയാന് അടിച്ചെടുക്കാവുന്നതേയുള്ളൂ.

(കലാശക്കൊട്ട്:- ഒബാമത്തിരുമേനിയ്ക്കുണ്ടായ ഭാഗ്യലബ്ധിയെക്കുറിച്ചറിഞ്ഞ് സാക്ഷാല്‍ 'സ്വാമിജി നരേന്ദ്രമോഡിയാനന്ദ' വരെ സ്വീഡനിലേക്ക് വിളിച്ച് അടുത്ത കൊല്ലമെങ്കിലും ഒരു നൊബേല്‍ കിട്ടാന്‍ തരമുണ്ടോയെന്നന്വേഷിച്ചതായാണ് പിന്നാമ്പുറ സംസാരം.നിങ്ങള്‍ക്കും ഇതാ ഒരു സുവര്‍ണാവസരം!!! നാട് കുട്ടിച്ചോറാക്കാനാവില്ലെങ്കില്‍ പോട്ടെ, സമാധാനത്തിനു മാത്രമല്ലല്ലോ നൊബേല്‍.ഒരല്‍പം വിനാഗിരി ബേക്കിംഗ്സോഡയുമായോ മറ്റോ കലര്‍ത്തി ഒരു പുതിയ മിശ്രിതമുണ്ടാക്കി രസതന്ത്ര നൊബേല്‍ അവാര്‍ഡിനായി ശ്രമിയ്ക്കാവുന്നതെയുള്ളൂ.)

Tuesday, July 21, 2009

ദൈവത്തിനെക്കുറിച്ച് ഒരു കവിത

ഉറങ്ങുകയായിരുന്നു ഞാന്‍
അമ്മയുടെ മടിയിലെന്ന പോലെ,
തണുപ്പിന്‍റെ കരലാളനങ്ങളേറ്റ്...
നിശയുടെ പുതപ്പിനുള്ളില്‍.

നിദ്രയുടെ സമതലങ്ങളിലൂടെ
ഒരു കുട്ടിയെപ്പോലെ അലഞ്ഞു തിരിയവേ;
സ്വപ്നങ്ങളുടെ ചക്രവാളത്തില്‍
ഒരു കവിത ചന്ദ്രനായ്‌ ഉദിച്ചുവന്നു.

ദൈവത്തിനെക്കുറിച്ച് ഒരു കവിത
ജീവിതം മണക്കുന്ന ഒരു കവിത
ഓരോ വരികളും ഓരോ മതങ്ങള്‍
അക്ഷരങ്ങള്‍ക്കു പകരം
ആചാരങ്ങള്‍ , അനുഷ്ഠാനങ്ങള്‍,
ജപമാലകള്‍, പ്രാര്‍ത്ഥനകള്‍...

കൗതുകമുണര്‍ന്ന മിഴികളോടെ,
ഓരോ വരിയും ഞാന്‍ നോക്കിനിന്നു.
ഒന്നു സ്പര്‍ശിക്കാനുള്ള ആശ
ശാസനകളുടെ ചുവരുകള്‍ക്കുള്ളില്‍
വേദനയുടെ കാവലിലടച്ച്‌,
ഞാന്‍ ഹൃദയത്തിലൊതുക്കി

ഒടുവില്‍ ഞാന്‍ ചുവരുകള്‍ക്കുള്ളില്‍ നിന്ന്
പുറത്തുവന്ന് ഒന്നു തൊടാനാഞ്ഞപ്പോള്‍
എല്ലാം ശൂന്യം .....
സ്നേഹത്തിന്‍റെ പനിനീര്‍ഗന്ധം മാത്രം
എനിക്കു ചുറ്റിലും...
നിര്‍വൃതിയോടെ ഞാന്‍
സ്വയം മറന്നുനിന്നു.

ഉറക്കമുണര്‍ന്നപ്പോള്‍ ഞാന്‍ വീണ്ടും
വേദനയുടെ ലോകത്തില്‍
അശരണനായി കിടന്നു.

Wednesday, May 20, 2009

വര്‍ണ(അ)ഭേദങ്ങള്‍

കറുപ്പും, വെളുപ്പും
ഒരിക്കല്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു;
സ്വമഹിമയെക്കുറിച്ച്.

കറുപ്പ് പറഞ്ഞു;
ആദിയാണ് ഞാന്‍ ,
അന്ത്യവും
ഞാന്‍ തന്നെ.
എല്ലാം എന്നില്‍ നിന്നുടലെടുത്ത്,
എന്നിലവസനിക്കുന്നു,
പ്രപഞ്ചം
പോലും .

വെളുപ്പു
തര്‍ക്കിച്ചു;
ഞാനാണ്
ജീവിതം,
ഞാന്‍ പ്രതീക്ഷയാണ്.
എന്നില്‍ നിന്നുടലെടുത്തതോ
വര്‍ണ്ണവെറിയത്രേ.

കറുപ്പ് ചോദിച്ചു:
മാന്യതയുടെ , സദാചാരത്തിന്‍റെ,
അന്തസ്സിന്‍റെ മുഖം മൂടിയല്ലേ നീ ?

വെളുപ്പു
വിട്ടുകൊടുത്തില്ല,
അവര്‍ണനും,അധ:കൃതനും,
ദളിതനുമല്ലേ
നീ ?
കൊളോണിയല്‍ ഇസത്തിന്‍റെ ,
അധിനിവേശ സംസ്കാരങ്ങളുടെ
ചാവാത്ത ഇരയാണ് നീ .

തര്‍ക്കം അവിരാമമാകവേ,
എന്തറിയുന്നൂ
നിങ്ങള്‍ ?
കറുപ്പിനവസാനമാണ് വെളുപ്പെന്നോ,
അതോ
മറിച്ചോ ?

ആരംഭവും ഇപ്രകരമാവാം ;
പക്ഷെ , ആലോചിക്കൂ
കറുപ്പല്ലേ വെളുപ്പിനെ സൃഷ്ടിച്ചത് ?
വെളുപ്പു കറുപ്പിനേയും .

Friday, April 3, 2009

എന്‍റെ ആത്മഹത്യ

സ്വപ്നാന്ത്യത്തില്‍
ഞാനുണര്‍ന്നു വീണത്‌
രാത്രിയുടെ,
കൂരിരുള്‍ മടിത്തട്ടിലേക്ക്.
യാഥാര്‍ത്ഥ്യത്തിന്‍റെ സ്പര്‍ശങ്ങളാല്‍
ഞാന്‍ ദു:ഖത്തിന്‍റെ ഒരു തുരുത്ത് പോലെ,
അശാന്തിയുടെ ഉഷ്ണബീജങ്ങളാല്‍
വെന്തു പരിക്ഷീണിതനായി
തണുപ്പിന്‍റെ നനുത്ത സ്പര്‍ശങ്ങള്‍ക്ക്
കൊതിച്ച്, ആശയറ്റവനെ പോലെ...
എന്‍റെ പാദങ്ങള്‍ ആഗ്രഹിച്ചത്‌,യാത്രകള്‍...
ചൂടിന്‍റെ വരള്‍ച്ചയില്‍ നിന്ന്,
തണുപ്പിന്‍റെ നീരുറവകളിലേക്ക്.
അശാന്തിയില്‍ നിന്നു നിത്യശാന്തിയിലേക്ക് .
ഒടുവില്‍, അവ എന്നെ നയിച്ചപ്പോള്‍
ഞാന്‍ അറിഞ്ഞത്,
സാക്ഷത്കാരങ്ങളുടെ നൊമ്പരം.
ഇപ്പോഴെന്‍റെ
പാദങ്ങളില്‍
നനവിന്‍റെ നനുത്ത സ്പര്‍ശം.
ഞാനറിയുന്നത്,
നിലാവലിഞ്ഞ നദീജലത്തിന്‍റെ തണുപ്പ്.
നനവിന്‍റെ ആലിംഗനം പൂര്‍ണതയില്‍ എത്തിയപ്പോള്‍
ഞാനറിഞ്ഞു, ഇത് എന്‍റെയും പൂര്‍ണത.
മനസിന്‍റെ ഉഷ്ണതകളില്‍ നിന്നു
മരണത്തിന്‍റെ നിത്യ ശാന്തിയിലേക്ക്...